പൂവാർ ലഹരി പാർട്ടി; പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും

 

പൂവാർ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണത്തിനൊരുങ്ങി എക്‌സൈസ്. തിരുവനന്തപുരം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ എസ്.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇന്ന് അന്വേഷണം ഏറ്റെടുക്കും.

ഇതര സംസ്ഥാന ബന്ധം ഉൾപ്പടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ലഹരി പാർട്ടിക്ക് പിന്നിൽ വലിയ സംഘം പ്രവർത്തിക്കുന്നുവെന്ന വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. റിമാൻഡ് ചെയ്ത മൂന്നു പ്രതികളെയും പ്രത്യേക സംഘം കസ്റ്റഡിയിൽ വാങ്ങും. ജാമ്യത്തിൽ വിട്ടയച്ചവരെയും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ഫോൺവിളി രേഖകൾ പരിശോധിക്കാനും തീരുമാനമുണ്ട്. മെഗാ പാർട്ടി സംഘടിപ്പിക്കാൻ ആലോചന നടന്നതായി സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചാണ് ആളുകളെ ആകർഷിച്ചിരുന്നതെന്ന് എക്‌സൈസ് പറയുന്നു.

പാർട്ടി സംഘടിപ്പിച്ചത് നിർവാണ ഗ്രൂപ്പാണെന്നും സംഘം കണ്ടെത്തി. ബംഗളൂരു, ഗോവ, മണാലി എന്നിവിടങ്ങളിൽ സ്ഥിരം പാർട്ടി കേന്ദ്രങ്ങളുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഘാടകൻ അഖിൽ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.