വിട; ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അന്തരിച്ചു

രാജ്യത്തെ ഞെട്ടിച്ച ഊട്ടി കൂനൂരിലെ സൈനിക ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ ഇന്ത്യന്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അന്തരിച്ചു.ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പടെ 13 പേര്‍ മരിച്ചു. 14 പേരാണ് ആകെ ഹെലികോപ്റ്ററിലുണ്ടായിരുന്നത് എന്നാണ് വ്യോമസേന സ്ഥിരീകരിക്കുന്നത്. ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ മരണപ്പെട്ടവരുടെ ഐഡന്റിറ്റി സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.

ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയാണ് ബിപിന്‍ റാവത്ത്. 2019 ഡിസംബര്‍ 30-നായിരുന്നു അദ്ദേഹം ഇന്ത്യയുടെ സംയുക്ത സൈനിക മേധാവിയായി ചുമതലയേറ്റത്. 2016 ഡിസംബര്‍ 17-ല്‍ 27-ാമത് കരസേനാ മേധാവിയായ റാവത്ത് ആദ്യത്തെ സിഡിഎസ് കലാപവിരുദ്ധ യുദ്ധത്തില്‍ പരിചയസമ്പന്നനായിരുന്നു. പരം വിശിഷ്ട സേവാ മെഡല്‍, ഉത്തം യുദ്ധ സേവാ മെഡല്‍, അതിവിശിഷ്ട് സേവാ മെഡല്‍, വിശിഷ്ട സേവാ മെഡല്‍, യുദ്ധസേവാ മെഡല്‍, സേനാ മെഡല്‍ എന്നിവ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.