അട്ടപ്പാടിയിലെ ശിശുമരണങ്ങൾ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ്; മറുപടിയുമായി മന്ത്രി കെ രാധാകൃഷ്‍ണൻ

അട്ടപ്പാടിയിലെ തുടർച്ചയായ ശിശുമരണങ്ങൾ കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അട്ടപ്പാടിയിൽ നടക്കുന്നത് ശിശുമരണമല്ല മറിച്ച് കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി.

പുതിയ ഒരു പദ്ധതിയും സർക്കാർ കൊണ്ടുവന്നിട്ടില്ല. ആശുപത്രിയോ ഡോക്ടർമാരോ ഇല്ല, എല്ലാ രോഗികളെയും പെരിന്തൽമണ്ണയിലേക്ക് റഫർ ചെയ്യുകയാണ്. അവിടേക്ക് പോവാൻ സൗകര്യങ്ങളില്ലെന്നത് സർക്കാർ പരിഗണിക്കുന്നില്ല. ആരോഗ്യ മന്ത്രി അട്ടപ്പാടി സന്ദർശിച്ചതുകൊണ്ട് എന്ത് മാറ്റമാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അട്ടപ്പാടിയിൽ നിരവധി പദ്ധതികൾ നടപ്പായിരുന്നെന്ന് വി.ഡി സതീശൻ പറഞ്ഞു. പദ്ധതികൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. ഈ സർക്കാരിന്റെ തുടക്കത്തിൽ അത് തുടർന്നിരുന്നു. പിന്നീട് അതെല്ലാം നിന്നുപോയെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വ്യാഖ്യാനങ്ങൾ മാത്രമാണെന്ന് മന്ത്രി കെ രാധാകൃഷ്‍ണൻ പ്രതികരിച്ചു. വാദപ്രതിവാദങ്ങൾ നടത്തി വ്യാഖ്യാനിക്കലല്ല അട്ടപ്പാടിയിൽ ആവശ്യമെന്നും കോട്ടത്തറ ട്രൈബൽ ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യവും ഉടൻ ഒരുക്കുമെന്നും മന്ത്രി മറുപടി പറഞ്ഞു.

ഇന്ത്യയിലെ 25 കോടിയോളം പേർക്ക് വിദ്യാഭ്യാസം കിട്ടിയിട്ടില്ല. പക്ഷേ കേരളം വളരെ ദൂരം മുന്നോട്ട് പോയി. ഡിജിറ്റൽ വിദ്യാഭ്യാസം ആർക്ക് ആദ്യം കൊടുക്കണമെന്ന കാഴ്ചപ്പാട് സർക്കാരിനുണ്ട്. ആദിവാസി കുട്ടികൾക്ക് ആദ്യ പരിഗണന നൽകി. സംസ്ഥാനത്ത് ആദിവാസികളുടെ ജീവിത നിലവാരം ഉയർത്തുമെന്നും മന്ത്രി പറഞ്ഞു.