ഒമിക്രോണ്‍ വൈറസ്; കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി

ഇന്ത്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ വൈറസ് എത്തിയാല്‍ അത് നേരിടാനുള്ള മുന്നൊരുക്കം സജ്ജീകരിച്ചു. 26 ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് നിരീക്ഷണം കര്‍ശനമാക്കും. മറ്റുള്ള രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാക്കും. കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. വാക്‌സിനെടുക്കാന്‍ ബാക്കിയുള്ളവര്‍ ഉടനടി വാക്‌സീന്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഒമിക്രോണ്‍ വകഭേദം വാക്‌സിനേഷനും അതിജീവിച്ച് പടരുമോ എന്നത് ആശങ്ക തന്നെയാണെന്നും, അതിതീവ്രവ്യാപനശേഷിയുള്ള വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ച സ്ഥിതിക്ക് എല്ലാ മുന്‍കരുതലും ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.