വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ല

വിവാഹം രജിസ്റ്റർ ചെയ്യുമ്പോൾ ദമ്പതികളുടെ മതവും ജാതിയും അന്വേഷിക്കേണ്ടതില്ലെന്ന് സർക്കാർ. മതം തെളിയിക്കുന്ന രേഖയോ മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടരുതെന്നും തദ്ദേശഭരണ രജിസ്ട്രാർമാർക്കും രജിസ്ട്രാർ ജനറൽമാർക്കും സർക്കാർ നിർദ്ദേശം നൽകി.2008 ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാനത്ത് നടക്കുന്ന എല്ലാ വിവാഹങ്ങളും മതഭേദമെന്യേ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഏതെങ്കിലും കരാർ പ്രകാരമുണ്ടാക്കുന്ന ബന്ധം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് 2015 ൽ സർക്കാർ ഭേദഗതി കൊണ്ടുവന്നു. എന്നാൽ ഇതിന്റെ അടിസ്ഥാനത്തിൽ മതാചാരപ്രകാരമുള്ള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ തദ്ദേശ രജിസ്ട്രാർമാർ മതം പരിഗണിച്ച് വ്യത്യസ്ത സമീപനമെടുക്കുന്നതായി സർക്കാരിന് പരാതി ലഭിച്ചു.താൽക്കാലിക വിവാഹം നിരുത്സാഹപ്പെടുത്താനായി ചട്ടങ്ങളിൽ ഉൾപ്പെടുത്തിയ നിബന്ധന യഥാർത്ഥ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് ബോധ്യപ്പെട്ടതായി സർക്കാരിന് വ്യക്തമായി. തുടർന്നാണ് വിവാഹങ്ങളുടെ സാധുത നിർണയിക്കുന്നത് മതം അടിസ്ഥാനമാക്കിയല്ലെന്ന് തദ്ദേശഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സർക്കുലർ പുറപ്പെടുവിച്ചത്.