മോഫിയ പർവീൺ ആത്മഹത്യ കേസിൽ സിഐ സുധീറിന് സസ്പെൻഷൻ

മോഫിയ പർവീൺ ആത്മഹത്യ കേസിൽ സിഐ സുധീറിന് സസ്പെൻഷൻ. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. മോഫിയയുടെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബത്തിന് വാക്കുനൽകിയിരുന്നു. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ പിതാവ്. ഇതിന് പിന്നാലെയാണ് നടപടി.

മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ് ദിൽഷാദ് പറഞ്ഞിരുന്നു. മോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സിഐയുടെ സ്ഥലം മാറ്റം നടപടിക്രമങ്ങളുടെ ഭാഗമാണെന്നായിരുന്നു വിശദീകരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിനിടെ റിമാന്റ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. മോഫിയയെ മാനസിക രോഗിയായി മുദ്രകുത്താൻ ശ്രമം നടന്നു. ഭർത്താവ് സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയാണെന്നും റിപ്പോർട്ട്. ഭർത്തൃവീട്ടുകാർ മോഫിയയെ അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു. സുഹൈലിന് പുറമെ മാതാവ് റുഖിയയും ഉപദ്രവിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

സിഐയെ സസ്പെന്റ് ചെയ്ത സാഹചര്യത്തിൽ ബെന്നി ബഹന്നാന്‍ എംപി, എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍ എന്നിവരുടെ സമരം അവസാനിപ്പിച്ചേക്കും. മോഫിയ പര്‍വീണിന്‍റെ ആത്മഹത്യക്ക് കാരണക്കാരനായ സിഐ സിഎല്‍ സുധീറിനെ സസ്പെൻഡ് ചെയ്യും വരെ സമരം തുടരാനാണ് ഇവർ തീരുമാനിച്ചിരുന്നത്. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.