ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു

ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും സി.ജെ ഭാസ്ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാർത്ഥ പേര് ബി ശിവശങ്കരൻനായർ. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിഎ ബിരുദം നേടി.

നടന്‍ മധു നിര്‍മ്മിച്ച അക്കല്‍ദാമയാണ് ബിച്ചു ഗാനമെഴുതി റിലീസായ ആദ്യ ചിത്രം. നീലാകാശവും മേഘങ്ങളും എന്ന ആദ്യ ഗാനം തന്നെ പ്രശസ്തിയിലേക്കുയർത്തി. പിന്നീടങ്ങോട്ട് മൈനാകം കടലില്‍ നിന്നുണരുന്നുവോ…., ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം….., വാകപൂമരം ചൂടും…, ആയിരം മാതളപൂക്കള്‍…, ഒറ്റക്കമ്പി നാദം മാത്രം…,., ശ്രുതിയില്‍ നിന്നുയരും…, മൈനാകം…, ഒരു മുറൈ വന്ത് പാര്‍ത്തായ…, മകളെ, പാതിമലരെ…തുടങ്ങി നിരവധി നിത്യ ഹരിത ഗാനങ്ങള്‍ ആ തൂലികയിൽ നിന്നു പിറന്നു.1981ലും 1991ലുമായി രണ്ട് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ബിച്ചു തിരുമലയെ തേടിയെത്തി. പ്രസന്നയാണ് ഭാര്യ. സുമൻ ഏക മകനാണ്.