കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പുനര്‍ നിയമനം

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് പുനര്‍ നിയമനം. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനാണ് ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാന്‍ പുനര്‍ നിയമനം നല്‍കിയത്. നാല് വര്‍ഷത്തേയ്ക്കാണ് അനുമതി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് വി സിക്ക് പുനര്‍ നിയമനം ലഭിക്കുന്നത്.

കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം വിവാദമായതോടെയാണ് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ടത്. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രനോട് ഗവര്‍ണര്‍ വിശദീകരണം തേടി. അതിനിടെ, നിയമന വിവാദം കത്തി നില്‍ക്കവേ കണ്ണൂര്‍ വി സി ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു.

പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍, അന്തിമ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നാണ് ഇന്നലെ വിസി മാധ്യമങ്ങളെ അറിയിച്ചിരുന്നത്. പ്രിയ വര്‍ഗീസിന്റെ യോഗ്യത സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിഷയത്തില്‍ വിസിയോട് വിശദീകരണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.