സമകാലിക ക്രിക്കറ്റ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ് ഐപിഎല്‍ ഉള്‍പ്പടെയുള്ള ക്രിക്കറ്റില്‍ നിന്ന് സമ്പൂര്‍ണ വിരമിക്കല്‍ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് താരമാണ് ഡിവില്ലിയേഴ്സ്.ട്വിറ്റ്വറിലൂടെയാണ് താരം സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി അറിയിച്ചത്. ‘അവിസ്മരണീയമായ യാത്രയായിരുന്നു ഇത്, എന്നാല്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണ്’ എന്നാണ് എബിഡിയുടെ വാക്കുകള്‍.
ഇതോടെ ഐപിഎല്‍ ഉള്‍പ്പടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും എ ബി ഡിവില്ലിയേഴ്സ് പടിയിറങ്ങി. രാജ്യാന്തര ക്രിക്കറ്റിൽ നിന്നും 2018 ൽ തന്നെ വിരമിച്ചിരുന്നു. ഐപിഎല്ലില്‍ 2011 മുതല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു എ ബി ഡി. 10 സീസണുകളിലായി അഞ്ച് പ്ലേ ഓഫുകള്‍ ടീമിനൊപ്പം കളിച്ചു. ബംഗ്ലൂരിനായി 156 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 4491 റണ്‍സ് അടിച്ചുകൂട്ടി. ആര്‍സിബി മാനേജ്മെന്റിനും വിരാട് കോലിക്കും സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ആരാധകര്‍ക്കും എബിഡി നന്ദിയറിയിച്ചു.
എബിഡി 17 വര്‍ഷം നീണ്ട കരിയറില്‍ ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റും 228 ഏകദിനവും 78 രാജ്യാന്തര ടി20കളും കളിച്ചിട്ടുണ്ട്. കരിയറില്‍ പിന്തുണയേകിയ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി പറയാന്‍ എബിഡി മറന്നില്ല. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അടക്കം കളിച്ചയിടങ്ങളിലെല്ലാം വലിയ പിന്തുണ ലഭിച്ചു എന്ന് സൂപ്പര്‍താരം വ്യക്തമാക്കി.