മിസ് കേരളയുടെ മരണം : ഓഡി കാർ പിന്തുടർന്നതാണ് അപകടകാരണമെന്ന് മൊഴി

മുൻ മിസ് കേരളയടക്കം  മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്ദുൽ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കി. ഓഡി കാർ പിറകെ പായുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. ഇരു സംഘവും മത്സരയോട്ടം നടത്തിയതാണോ എന്ന്  സംശയിക്കുന്നു.

അപകടത്തിനിടയാക്കിയ കാറോടിച്ചിരുന്നത് മാള സ്വദേശിയായ അബ്ദുള്‍ റഹ്മാനാണ്. ഗുരുതരമായി പരിക്കേറ്റ് റഹ്മാന്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ പാലാരിവട്ടം മെഡിക്കല്‍ സെന്‍റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ വെച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഒരു ഓഡി കാര്‍ പിന്തുടര്‍ന്നത് മൂലമാണ് അപകടം ഉണ്ടായതെന്ന് റഹ്മാന്‍ മൊഴിനല്‍കിയത്. അപകട ശേഷം നിമിഷങ്ങൾക്ക് ഓഡി കാര്‍ തിരികെ അപകടസ്ഥലത്തെത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇടപ്പള്ളിയിൽ എത്തിയ ശേഷമാണ് കാർ തിരികെ വന്നത്.പാര്‍ട്ടി നടന്ന രാത്രിയിലെ ഹോട്ടലിലെ ചില സിസിടിവി ദൃശ്യങ്ങള്‍ കാണാതായതിലും പൊലീസിന് ചില സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.