നടന് വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് പാരിതോഷികമായി 1001 രൂപ നല്‍കുമെന്ന് ഹിന്ദു മക്കള്‍ കക്ഷി. സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമ ലിംഗ തേവരെ അപമാനിച്ചെന്ന് ആരോപിച്ചാണ് ഹിന്ദു മക്കള്‍ കക്ഷി നടനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബംഗളൂരു എയര്‍പോര്‍ട്ടില്‍ വച്ച് വിജയ് സേതുപതിക്കെതിരെ ആക്രമണമുണ്ടായിരുന്നു. വിജയ് സേതുപതിയെ പിന്നില്‍ നിന്ന് ഒരാള്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നടനെതിരെ വീണ്ടും ആക്രമണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഒരു ചവിട്ടിന് 1001 രൂപ നല്‍കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി അര്ജുന് സമ്പത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്.വിമാനത്താവളത്തില്‍ വെച്ച് നടനെ ആക്രമിക്കാന്‍ ശ്രമിച്ച മഹാഗാന്ധി എന്നയാളുമായി സംസാരിച്ചെന്നും സംഭവത്തിന്റെ തുടര്‍ച്ചയായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നുണ്ട്.മുത്തുരാമലിംഗ പൂജയ്ക്ക് വിജയ് സേതുപതിയെ ക്ഷണിച്ചെന്നും എന്നാല്‍ തനിക്ക് ജീസസ് മാത്രമേ ദൈവമായുള്ളൂ എന്നുള്ള നടന്റെ മറുപടിയാണ് ഹിന്ദു മക്കള്‍ കക്ഷിയെ ചൊടിപ്പിച്ചത്. ഇതില്‍ നടന് മാപ്പ് പറയണമെന്നാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ആവശ്യം