അറുപതോടടുത്ത് മണ്ണെണ്ണ വില; ഇന്ന് ഒറ്റയടിക്ക് കൂട്ടിയത് എട്ട് രൂപ

ഇന്ധനവില വര്‍ധനവിനു പിന്നാലെ കുതിച്ചുയര്‍ന്ന് മണ്ണെണ്ണ വില. ഇന്ന മാത്രം 8 രൂപ കൂട്ടി. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 55 രൂപയായി.മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി.രണ്ടരശതമാനം വീതം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി, ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ നിരക്കുമൊക്കെ അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് എത്തുമ്പോള്‍ 55 രൂപയാകും.കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനക്ക് ആനുപാതികമായാണ് മണ്ണെണ്ണയുടെ വില വര്‍ധിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.ഇന്ന് മുതല്‍ റേഷന്‍ കടകളില്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും.മുന്‍ഗണനാ മുന്‍ഗണനേതര അങ്ങനെ എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വിലയാണ് നല്‍കേണ്ടി വരുക.