എങ്ങനെ സമരം നടത്തണമെന്ന് സിപിഎം പഠിപ്പിക്കേണ്ട : ജോജു മദ്യപിച്ചിട്ടുണ്ടെന്ന് പറഞ്ഞത് പോലീസ് തന്നെ : വി.ഡി.സതീശന്‍

 

എങ്ങനെ സമരം നടത്തണമെന്ന് കോണ്‍ഗ്രസിനെ സിപിഎം പഠിപ്പിക്കേണ്ടതില്ലെന്ന്്് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ നടത്തിയ സമരത്തില്‍ നടന്‍ ജോജു ജോര്‍ജ് ഇടപെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ നിയമസഭയിലും ചര്‍ച്ചയായപ്പോഴായിരുന്നു വി.ഡി.സതീശന്റെ പ്രതികരണം. കേരളത്തില്‍ അക്രമസമര പരമ്പരകള്‍ നടത്തിയവരാണ് കോണ്‍ഗ്രസ് സമരത്തെ വിമര്‍ശിക്കുന്നത്.

കൊച്ചിയില്‍ എന്തിനു വേണ്ടിയായിരുന്നു സമരം എന്ന് ജനങ്ങള്‍ വിലയിരുത്തട്ടെ. എന്തു സാഹചര്യത്തിലാണ് നടന്‍ ബഹളമുണ്ടാക്കിയതെന്നു മുഖ്യമന്ത്രി അന്വേഷിക്കണം. അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് നടന്‍ മദ്യപിച്ച് ലക്കുകെട്ട് സംസാരിക്കുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞതെന്നും വി.ഡി.സതീശന്‍ പറഞ്ഞു. അതെസമയം ജോജു ജോര്‍ജിനെ കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപനായി ചിത്രീകരിച്ചത് ശരിയായില്ലെന്നും അതേക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അന്വേഷിക്കണമെന്നും അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.