ഓണ്‍ലൈന്‍ ക്ലാസില്‍ വിദ്യാര്‍ത്ഥികളെ കാണാന്‍ വീഡിയോ ഓണ്‍ ചെയ്യാന്‍ പറഞ്ഞ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. ക്ലാസ് കഴിഞ്ഞതിന് ശേഷമാണ് കാസറഗോഡ് കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫെയര്‍ എല്‍.പി. സ്‌കൂള്‍ അധ്യാപിക കള്ളാര്‍ ചുള്ളിയോടിയിലെ സി. മാധവി (47) മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു മരണം.
ബുധനാഴ്ച്ച രാത്രി 7.30 ന് മൂന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്. ക്ലാസ്സിനിടെ എല്ലാവരേയും തനിക്ക് കാണണം എന്ന് പറഞ്ഞായിരുന്നു അധ്യാപിക വീഡിയോ കോള്‍ ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്. ശേഷം ഓരോ കുട്ടികളുമായി സംസാരിച്ചു. ചുമയെയും ശ്വാസംമുട്ടലിനെയും തുടര്‍ന്ന് ടീച്ചര്‍ പെട്ടെന്ന് ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു. ശേഷം അതേ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു.
ക്ലാസിനിടയില്‍ പതിവില്ലാതെ ടീച്ചര്‍ ചുമയ്ക്കുന്നത് കേട്ട് എന്താണ് പറ്റിയതെന്ന് വിദ്യാര്‍ത്ഥികള്‍ ചോദിക്കുകയും ചെയ്തിരുന്നു. തണുപ്പടിച്ചതാണെന്നും കുഴപ്പമില്ലെന്നുമായിരുന്നു ടീച്ചറുടെ മറുപടി. ശേഷം ഹോം വര്‍ക്കും നല്‍കിയാണ് മാധവി ടീച്ചര്‍ ക്ലാസ് അവസാനിപ്പിച്ചത്.