കോവിഡ് വാക്‌സിന്‍ കൊടുക്കുന്നത് പെട്രോള്‍ നികുതിയെടുത്ത്; ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി

രാജ്യത്ത് ദിനം പ്രതിയുണ്ടാവുന്ന ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി. പെട്രോളിനും ഡീസലിനും ഈടാക്കുന്ന എക്സൈസ് നികുതി ഉപയോഗിച്ചാണ് സൗജന്യ കോവിഡ് വാക്സിന്‍ വാങ്ങുന്നതെന്നും വാക്സിനേഷന്‍ പൂര്‍ണമാകുമ്പോള്‍ വില കുറയുമെന്ന സൂചനയും അദ്ദേഹം നല്‍കി.സെറവീക്ക് സംഘടിപ്പിച്ച ഇന്ത്യ എനര്‍ജി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവില്‍ പെട്രോള്‍ ലിറ്ററിന് 32.90 രൂപയാണ് കേന്ദ്രം എക്സൈസ് തീരുവയായി ഈടാക്കുന്നത്. ഡീസലിന് 31.80 രൂപയും.32 രൂപയുടെ നികുതി കൊണ്ടാണ് നൂറു കോടി വാക്സിന്‍ അടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടക്കുന്നത്. വില ഉയരുമ്പോള്‍ നികുതി കുറയ്ക്കുക എന്നത് ചര്‍ച്ച ചെയ്യേണ്ട കാര്യമായി തോന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇന്നും ഇന്ധനവില കൂട്ടിയിരുന്നു. ഒരു ലിറ്റര്‍ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഒരു മാസത്തിനിടെ ഡീസലിന് കൂട്ടിയത് 7 രൂപ 73 പൈസയും പെട്രോളിന് 6 രൂപയുമാണ്.