ഋഷിരാജ് സിങും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്നു….

 

സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ സിനിമ മോഹം യാഥാര്‍ഥ്യമാക്കാനൊരുങ്ങി മുന്‍ ഡിജിപി ഋഷിരാജ് സിങ്. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റായാണ് ഋഷിരാജ് സിങിന്റെ സിനിമ’പഠനം’. ജയറാമും മീര ജാസ്മിനും പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിലാണ് സത്യന്‍ അന്തിക്കാടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരില്‍ ഒരാളായി ഋഷിരാജ് സിങ് പ്രവര്‍ത്തിക്കുന്നത്.

‘കുട്ടികാലം മുതല്‍ തനിക്ക് സിനിമയോട് വലിയ മോഹമായിരുന്നു. എന്നും ഒരു സിനിമ കണ്ട ശേഷമാണ് ഉറങ്ങുന്നത്. സര്‍വ്വീസില്‍ നിന്നും വിരമിച്ചതോടെ അത് ഗൗരവമായി പഠിക്കാനുള്ള സമയവും കിട്ടി. നടന്‍ ശ്രീനിവാസനെയാണ് ആദ്യം വിളിച്ചത്, അദ്ദേഹമാണ് സത്യന്‍ അന്തികാടിനെ നിര്‍ദേശിച്ചത്. പരിചയസമ്പന്നനായ ഒരാളുടെ കൂടെ പഠിക്കണമെന്നും സത്യനാണ് അതിന് പറ്റിയ ആളെന്നും ശ്രീനിവാസന്‍ പറഞ്ഞു’, ഋഷിരാജ് സിങ് പറയുന്നു.

സംവിധാനം നന്നായി പഠിച്ച ശേഷം മാത്രമാകും ആദ്യ സിനിമ എടുക്കുകയെന്നും, ആദ്യ ചിത്രം മലയാളത്തില്‍ ആയിരിക്കും എന്നും ഋഷിരാജ് സിങ് പറഞ്ഞു. അതീവ താല്‍പര്യത്തോടെയാണ് ഋഷിരാജ് സിങ് പഠിക്കുന്നത്. അതുകൊണ്ടാണ് സിനിമയില്‍ പങ്കാളിയാക്കിയതെന്ന് സത്യന്‍ അന്തിക്കാട്.