ലഖിംപൂര്‍ ഖേരി കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ; യു പി സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ലഖിംപൂര്‍ ഖേരി കേസിൽ യു സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. അലംഭാവം അവസാനിപ്പിക്കണമെന്നായിരുന്നു വിമർശനം .രാത്രി ഒരു മണിവരെ കാത്തിരുന്നിട്ടും യു പി സര്‍ക്കാര്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല.ലഖിംപൂര്‍ ഖേരിയിൽ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണത്തിൽ കെടുകാര്യസ്ഥത അനുവദിക്കില്ല . അവസാനിക്കാത്ത കഥയായി അന്വേഷണത്തെ മാറ്റരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

കേസ് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. അന്വേഷണം വലിച്ചുനീട്ടാൻ അനുവദിക്കില്ലെന്നും അവസാനിക്കാത്ത കഥയായി അന്വേഷണത്തെ മാറ്റരുതെന്നും യു.പി സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. കേസിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഉൾപ്പടെ പത്തുപേരാണ് അറസ്റ്റിലായത്. നടപടികൾ വൈകിയത് ദസറ അവധിമൂലമായിരുന്നെന്ന യു.പി സര്‍ക്കാരിന്‍റെ വാദങ്ങൾ കോടതി തള്ളി.


കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് റിപ്പോര്‍ട്ട് നൽകിയാൽ ജഡ്ജിമാർക്ക് അത് എങ്ങനെ പരിശോധിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചു. നൽകിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലാണെങ്കിൽ മുഴുവൻ വിവരങ്ങളും ഇല്ല. 44 സാക്ഷികളുള്ള കേസിൽ ഇതുവരെ 4 പേരുടെ മൊഴി മാത്രമാണ് രേഖപ്പെടുത്തിയത്. എന്താണ് ഇവരുടെ മൊഴിയെന്ന് പറയുന്നില്ല. വ്യക്തമായ വിവരങ്ങൾ അടങ്ങിയ പുതിയ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.