ട്വൻ്റി 20 – യുഡിഎഫ് കൂട്ടുകെട്ടിൽ എൽ ഡി എഫ് വീണു

എറണാകുളം ചെല്ലാനം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണ നഷ്ടം. പ്രസിഡൻ്റിനെതിരെ ചെല്ലാനം ട്വൻ്റി 20 – യുഡിഎഫ് സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ഒമ്പതിനെതിരെ പന്ത്രണ്ട് വോറ്റുകൾക്ക് പാസായതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. കിഴക്കമ്പലം മോഡലിൻ്റെ ചുവട് പിടിച്ചാണ് ചെല്ലാനത്തും ട്വൻ്റി ട്വൻ്റി രൂപീകരിച്ചത്. സംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എട്ട് സീറ്റും നേടി. ഇടതു മുന്നണിക്ക് ഒമ്പതും കോണ്‍ഗ്രസിന് നാലും സീറ്റാണ് തെരഞ്ഞെടുപ്പിൽ കിട്ടിയത്.

എന്നാല്‍ ട്വന്‍റി ട്വന്‍റിക്കൊപ്പം ചേർന്ന് ഭരണം പിടിക്കാൻ അന്ന് കോണ്‍ഗ്രസ് തയ്യാറായില്ല. എന്നാലിപ്പോൾ ആ നിലപാട് കോൺഗ്രസ് മാറ്റി. ട്വന്‍റി ട്വന്‍റിയുമായി ചേര്‍ന്ന് ഇടതു ഭരണത്തെ അട്ടിമറിക്കാൻ കോണ‍്ഗ്രസ് തീരുമാനിക്കുകയായിരുന്നു. പുതിയ ഭരണത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസി‍ന്റ് സ്ഥാനം ഏറ്റെടുത്ത് ​പ്രസി‍ഡ‍ന്‍റ് സ്ഥാനം ട്വന്‍റി ട്വന്‍റിക്ക് നല്‍കുമെന്നാണ് സൂചന . ഇടതുമുന്നണി പ്രതിപക്ഷത്തെ പൂര്‍ണമായും അവഗണിക്കുകയും വികസനം അട്ടിമറിക്കുകയും ചെയ്യുന്നുവെന്നാണ് പുതിയ നയത്തിനുള്ള കോൺഗ്രസ് ന്യായീകരണം. ഇത് അവസരവാദ കൂട്ടൂകെട്ടെന്നാണ് ഇടതു മുന്നണി ആരോപണം. ഭാവിയില്‍ കോണ്‍ഗ്രസിന് തന്നെ ഇത് തിരിച്ചടിയാകുമെന്നും സിപിഎം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.