സ്ത്രീ സമത്വം ലക്ഷ്യമിട്ട് പി. സതീദേവി; വനിതാ കമ്മിഷന്‍ അധ്യക്ഷയായി ഇന്ന് ചുമതലയേല്‍ക്കും

 

വനിതാ കമ്മിഷന്‍ അധ്യക്ഷയായി അഡ്വ. പി. സതീദേവി ഇന്ന് ചുമതലയേല്‍ക്കും. സ്ത്രീ വിരുദ്ധ സമീപനം എല്ലാ മേഖലയിലുമുണ്ട്. ഇത് മാറ്റാനുള്ള ശ്രമമുണ്ടാകും. ഹരിതയുടെ പരാതി പരിശോധിച്ച് തീരുമാനമെടുക്കും. സ്ത്രീ സമത്വമാണ് ലക്ഷ്യമെന്നും സതീദേവി പറഞ്ഞു.

സംസ്ഥാന വനിതാ കമ്മീഷന്റെ ഏഴാമത്തെ അധ്യക്ഷയാണ് സതീദേവി. എം സി ജോസഫൈന്‍ രാജി വച്ച ഒഴിവിലാണ് നിയമനം. 2004 മുതല്‍ 2009 വരെ വടകര മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായിരുന്നു സതീദേവി. മഹിളാ അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്ത്രീശബ്ദം മാഗസിന്റെ ചീഫ് എഡിറ്ററും സുശീലാ ഗോപാലന്‍ സ്ത്രീപദവി നിയമപഠന കേന്ദ്രം അധ്യക്ഷയുമായിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലെ വിദ്യാര്‍ത്ഥി പ്രതിനിധിയായിരുന്നു. പരമാധികാരികള്‍ നമ്മള്‍ തന്നെ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.