സുധീരന്റെ രാജി നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കാരണം അറിയില്ലെന്ന് കെ സുധാകരൻ

മുതിർന്ന കോൺ​ഗ്രസ് നേതാവ് വിഎം സുധീരന്റെ രാജി നിരാശാജനകമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജി വാർത്ത അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആണെന്നും, സുധീരനുമായി സംസാരിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു. അതേസമയം രാജിക്ക് പിന്നിലെ കാരണം അറിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. പാർട്ടിയിൽ കൂടിയാലോചന നടക്കാറുണ്ടെന്നും എന്നാൽ പലരും എത്താറില്ല എന്നതാണ് തന്റെ പ്രശ്നമെന്നും വി എം സുധീരനും, മുല്ലപ്പള്ളി രാമചന്ദ്രനുമൊന്നും പ്രതികരിക്കാറില്ലെന്നും സുധാകരൻ പറഞ്ഞു. പുനസംഘടനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടുണ്ട്. രണ്ടു തവണ വിളിച്ചിരുന്നു, വീട്ടിൽ പോയി കണ്ടിരുന്നുവെന്ന് കെ സുധാരൻ വ്യക്തമാക്കി.

വി.എം സുധീരന്റെ രാജി പുനഃസംഘടനയിലെ അതൃപ്തി കാരണമാണെന്നത് തെറ്റാണെന്ന് പിടി തോമസ് എംഎൽഎ പറഞ്ഞു. വിഎം സുധീരന്റെ രാജി ആർക്ക് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ പ്രതികരണം . രാജി ദൗർഭാ​ഗ്യകരമാണെന്നും രാജിയുടെ കാരണം സുധാരൻ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഎം സുധാരന്റെ രാജി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ഹൈക്കമാൻഡ് നീക്കങ്ങൾക്ക് പോറൽ ഏൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചുവെന്ന വാർത്ത് പുറത്ത് വരുന്നത് ഇന്ന് രാവിലെയാണ്. കെപിസിസി പ്രസിഡൻ്റിന് രാജിക്കത്ത് കൈമാറി. ആരോഗ്യകരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നു എന്നാണ് വിഎം സുധാരൻ നൽകിയ വിശദീകരണം. പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്ന് വി.എം സുധീരൻ വ്യക്തമാക്കി.