പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം പിറന്നാള്‍ ദിനമാണിന്ന്. പ്രധാനമന്ത്രിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാനൊരുങ്ങുകയാണ് ബിജെപി. ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓര്‍ സമര്‍പ്പണ്‍ അഭിയാന്‍ എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്. പിറന്നാളിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി ദേശീയ സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ച് ബൂത്ത് തലത്തില്‍ നിന്ന് അഞ്ച് കോടി പോസ്റ്റ്കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ ഗംഗാനദിയില്‍ 71 ഇടങ്ങളില്‍ ശുചീകരണം നടത്തും. ഒക്ടോബര്‍ 7വരെ ആഘോഷ പരിപാടികള്‍ ഉണ്ടാവും. ഗാന്ധി ജയന്തി ദിനത്തില്‍ ഖാദി ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള ആഹ്വാനവും നല്‍കും. വാക്‌സീന്‍ സ്വീകരിക്കുന്ന ആളുകള്‍ക്ക് നമോ ആപ്പ് വഴി പ്രധാനമന്ത്രി നന്ദി പറയുന്ന വീഡിയോ കാണിക്കും. കേരളത്തിലും ആഘോഷപരിപാടി വിപുലമാക്കുകയാണ് ബിജെപി കേരള ഘടകവും. പിറന്നാളോടനുബന്ധിച്ച് എല്ലാ ആരാധനാലയങ്ങളിലും ഇന്ന് പ്രത്യേക പ്രാര്‍ത്ഥന നടത്തി.