വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍വച്ച് തന്നെ കൊലപ്പെടുത്താന്‍ സഹ തടവുകാര്‍ക്ക് 5 കോടി രൂപയുടെ ക്വട്ടേഷന്‍ കൊടുത്തെന്ന് ടിപി കേസ് പ്രതി കൊടി സുനി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. ജയില്‍ സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായി പ്രവര്‍ത്തിച്ചിരുന്ന ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ്, മറ്റൊരു കൊലക്കേസ് പ്രതി അനൂപ് എന്നിവരെയാണു ക്വട്ടേഷന്‍ ഏല്പിച്ചത്. ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ഒത്താശയോടെ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘമാണു ക്വട്ടേഷന്‍ ഏല്പിച്ചതെന്നും താന്‍ ഇത് അറിഞ്ഞതിനാല്‍ പ്ലാന്‍ നടപ്പായില്ലെന്നും കൊടി സുനി പറയുന്നു.ഫോണിലൂടെയാണ് ഇതൊക്കെ അറിഞ്ഞതെന്നും സുനി. വിയ്യൂര്‍ ജയിലിലെ വിവാദ ഫോണ്‍ വിളികളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉത്തര മേഖലാ ജയില്‍ ഡിഐജിക്കു നല്കിയ മൊഴിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഫോണ്‍ ഉപയോഗിച്ചതിന്റെ പേരില്‍ സുനിയെ അതീവ സുരക്ഷാ ജയിലിലേക്കും റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മാറ്റിയിരിക്കുകയാണ്.അനൂപ് ഏതാനും മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. ഉത്തരമേഖലാ ജയില്‍ ഡിഐജി എം.കെ.വിനോദ് കുമാര്‍ ഇന്ന് പൂജപ്പുരയിലെത്തി റഷീദിന്റെ മൊഴിയെടുക്കും.