എം.പിക്കും സല്യുട്ട്  അടക്കണോ? : പോലീസ് ആര്‍ക്കൊക്കെ സല്യുട്ട് അടിക്കണം? പ്രൊട്ടോക്കോള്‍ പറയുന്നത്…

പോലീസിന്റെ സല്യൂട്ടടി വീണ്ടും കേരളത്തില്‍ വിവാദമായിരിക്കുകയാണ്. നേരത്തെ തൃശൂര്‍ മേയറാണെങ്കില്‍, ഇപ്പോള്‍ സുരേഷ് ഗോപി എംപിയാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. വിവാദങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ പൊതുജനങ്ങള്‍ക്കിടയില്‍ സംശയവും ഉയരുകയാണ്. എല്ലാ ജനപ്രതിനിധികളെയും സല്യൂട്ട് ചെയ്യേണ്ട ബാധ്യത പൊലീസിനുണ്ടോ? അല്ലെങ്കില്‍ ആരെയൊക്കെ സല്യൂട്ട്്് ചെയ്യണം? പോലീസ് മാന്വല്‍ പ്രകാരം എല്ലാ ജനപ്രതിനിധികളെയും സല്യൂട്ട് ചെയ്യേണ്ട ബാധ്യതയില്ലെന്നാണ് പറയുന്നത്.

നിര്‍ബന്ധിച്ചുള്ള സല്യൂട്ട് വാങ്ങലിനോട് താല്‍പര്യമില്ലെന്നാണ് പോലീസ് അസോസിയേഷന്റെയും നിലപാട്. എന്നാല്‍ ജനപ്രതിനിധികളെ സല്യൂട്ട് ചെയ്യുന്നത് ജനാധിപത്യത്തെയും പ്രതിനിധികളെയും അംഗീകരിക്കാനാണ്. അത് നിര്‍ബന്ധിതമാകുമ്പോഴാണ് പ്രശ്‌നങ്ങളെന്നും അസോസിയേഷന്‍ നിലപാട് വ്യക്തമാക്കുന്നു. അതേസമയം എംപിക്ക് സല്യൂട്ട് സ്വീകരിക്കാമെന്നാണ് രാജ്യസഭാ സെക്രട്ടേറിയറ്റില്‍ നിന്ന് ലഭിച്ച വിവരമെന്ന് സുരേഷ് ഗോപി എംപി പ്രതികരിച്ചു.

സല്യൂട്ടിന്റെ കാര്യം കേരളാ പൊലീസിന് തീരുമാനിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പോലീസ് മാന്വല്‍ പ്രകാരം സല്യൂട്ട് ചെയ്യേണ്ടവരായി പറയുന്നത് ഇവര്‍ക്കൊക്കെയാണ്.

രാഷ്ട്രപതി
പ്രധാനമന്ത്രി
വൈസ് പ്രസിഡന്റ്
ഗവര്‍ണര്‍
മുഖ്യമന്ത്രി
കേന്ദ്രസംസ്ഥാന മന്ത്രിമാര്‍
ഡിജിപി, എഡിജിപി, ഐജി, ഡിഐജി
ദേശീയപതാക, വിവിധ സേനകളുടെ പതാക
യൂണിഫോമിലുള്ള മേലുദ്യോഗസ്ഥര്‍
സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ജഡ്ജി, സെഷന്‍സ് ജഡ്ജ്, ഡിസ്ട്രിക് മജിസ്‌ട്രേറ്റ്
ജില്ലാ പൊലീസ് മേധാവികള്‍, എസ്പിമാര്‍ യൂണിറ്റ് കമന്‍ഡന്റുമാര്‍
ആയുധധാരിയായി ഗാര്‍ഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ (ഉയര്‍ന്ന റാങ്കിലുള്ള പ്രത്യേക സേനാംഗങ്ങള്‍)
ജില്ലാ കലക്ടര്‍
മൃതദേഹം
സേനകളിലെ കമ്മിഷന്‍ഡ് ഉദ്യോഗസ്ഥര്‍
സൈന്യത്തിലെ ഫീല്‍ഡ് റാങ്ക് ഉദ്യോഗസ്ഥര്‍
ഔദ്യോഗിക ജോലിയിലുള്ള മജിസ്‌ട്രേറ്റുമാര്‍
എസ്‌ഐ ( സമാന റാങ്കുള്ള ഉദ്യോഗസ്ഥര്‍)