ഫൈനലില്‍ വിജയിച്ചാല്‍ 52 വര്‍ഷങ്ങള്‍ക്ക് ശേഷം കലണ്ടര്‍ സ്ലാം സ്വന്തമാക്കുന്ന താരം; യു.എസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നൊവാക് ദ്യോകോവിച്ച് ഫൈനലില്‍

യു.എസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോകോവിച്ച് ഫൈനലില്‍.ടോക്യോ ഒളിമ്പിക്സ് ചാമ്പ്യനായ അലക്സാണ്ടര്‍ സ്വരേവിനെയാണ് സെമിയില്‍ കീഴ്‌പ്പെടുത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ 4-6, 6-2, 6-4, 4-6, 6-2 എന്നിങ്ങനെയാണ് സ്‌കോര്‍. ഫൈനലില്‍ ദ്യോകോവിച്ച് റഷ്യന്‍ താരം ഡാനില്‍ മെദ്വദേവിനെ നേരിടും.

ഒളിമ്പിക്സ് സെമിയില്‍ തന്നെ തോല്‍പിച്ച സ്വരേവിനോട് പകരം വീട്ടികൊണ്ടാണ് ദ്യോക്യോവിച്ച് യു.എസ് ഓപണ്‍ ഫൈനല്‍ പോരാട്ടത്തിലേക്ക് എത്തിയത്‌.ഫൈനലില്‍ വിജയിച്ചാല്‍ 52 വര്‍ഷങ്ങള്‍ക്ക് ശേഷം കലണ്ടര്‍ വര്‍ഷത്തെ നാല് മേജര്‍ കിരീടങ്ങളും നേടുന്ന താരമായി ദ്യോകോവിച്ച് മാറും. 1969ല്‍ റോഡ് ലാവറാണ് അവസാനമായി കലണ്ടര്‍ സ്ലാം സ്വന്തമാക്കിയത്.കലണ്ടര്‍ സ്ലാമിനൊപ്പം ഒളിമ്പിക്സ് സ്വര്‍ണം കൂടി നേടാനായിരുന്നെങ്കില്‍ ‘ഗോള്‍ഡന്‍ സ്ലാം’ എന്ന അതുല്യനേട്ടം കൂടി സെര്‍ബ് താരത്തിന് സ്വന്തമാക്കാനാവുമായിരുന്നു.

ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡററും റഫാല്‍ നദാലും 21 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ വീതം നേടിയിട്ടുണ്ട്. യു.എസ് ഓപണ്‍ നേടിയാല്‍ ദ്യോകോവിച്ചും ഇവരുടെ നേട്ടത്തിനൊപ്പമെത്തും.നാലാം യു.എസ് ഓപണും 21-ാം ഗ്രാന്‍ഡ് സ്ലാം കിരീടവുമാണ് ദ്യോകോവിച് ലക്ഷ്യമിടുന്നത്.