വീണ്ടും നിപ; 12 വയസുകാരന്‍ മരിച്ചത് നിപ കാരണമെന്ന് സ്ഥിരീകരണം; കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട് മസ്തിഷ്‌ക ജ്വരവും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത് നിപ കാരണമെന്ന് സ്ഥിരീകരിച്ചു.ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടര്‍ന്ന് ഫലം വന്നതിനെത്തുടര്‍ന്ന് നിപയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ അഞ്ച് പേരാണ് ഉള്ളത്. അവര്‍ പ്രത്യേക നിരീക്ഷണത്തിലാണ്. നിലവില്‍ 17 പേര്‍ നിരീക്ഷണത്തിലാണ്.വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദശം പുറപ്പെടുവിച്ചു. മരിച്ച കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൊലീസ് നിയന്ത്രിച്ചു. മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. ചാത്തമംഗലം പഞ്ചായത്തിലെ നിപ്പ സ്ഥിരീകരിച്ച പഴൂര്‍ വാര്‍ഡ് ( വാര്‍ഡ് 9 ) അടച്ചു. സമീപ വാര്‍ഡുകളായ നായര്‍ക്കുഴി, കൂളിമാട്, പുതിയടം വാര്‍ഡുകള്‍ ഭാഗികമായി അടച്ചു. പനി, ശര്‍ദ്ദി അടക്കമുള്ള ലക്ഷണമുള്ളവര്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മസ്തിഷ്‌കജ്വരവും ഛര്‍ദിയും ബാധിച്ചാണ് കുട്ടിയെ ഒന്നാം തിയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഛര്‍ദ്ദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാല്‍ നിപ പരിശോധന നടത്തണമെന്ന നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.12 വയസുകാരന്റെ സംസ്‌ക്കാരം കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം കണ്ണമ്പറമ്പ് ഖബറിസ്ഥാനില്‍ സംസ്‌കരിക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ആരോഗ്യപ്രവര്‍ത്തകരും പൊലീസും സ്ഥലത്തിയിട്ടുണ്ട്. നൂറ് മീറ്റര്‍ ചുറ്റളവില്‍ ആരെയും കടത്തി വിടില്ലെന്ന് പൊലീസ് അറിയിച്ചു. 2018 ല്‍ രോഗം ബാധിച്ച് മരിച്ചവരെയും ഇവിടെയാണ് സംസ്‌കരിച്ചിരുന്നത്.സ്ഥിതി വിലയിരുത്താന്‍ 12 മണിക്ക് ഉന്നതതലയോഗവും ചേരും.സെന്റര്‍ ഫോര്‍ ഡിസിസ് കണ്‍ട്രോള്‍ ടീം സംസ്ഥാനത്തേക്ക് തിരിച്ചു. രോഗനിയന്ത്രണത്തില്‍ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് കേന്ദ്രം അറിയിച്ചു.