എം. ശിവശങ്കറിന് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ക്ലീന്‍ ചിറ്റ്

സ്പ്ലിംഗര്‍ വിവാദത്തില്‍ മുന്‍ ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കി റിപ്പോര്‍ട്ട്. സ്പ്ലിംഗര്‍ കരാര്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച മാധവന്‍ നമ്പ്യാര്‍ സമിതി റിപ്പോര്‍ട്ട് പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. കരാറില്‍ വീഴ്ചകളുണ്ടായിരുന്നുവെങ്കിലും ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നും കരാര്‍ സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എംഎല്‍എമാരായ പിടി തോമസ്, പിസി വിഷ്ണുനാഥ് എന്നിവര്‍ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മുന്‍ നിയമസെക്രട്ടറി കെ. ശശിധരന്‍നായരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സമിതിക്ക് വേണ്ടി 5.27 ലക്ഷം രൂപ ചിലവഴിച്ചതായും സര്‍ക്കാര്‍ മറുപടിയില്‍ പറയുന്നു.

റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍

കരാര്‍ നല്‍കുന്നതിന് മുമ്പ് സ്പ്ലിംഗറിന്റെ ശേഷി വിലയിരുത്തിയില്ല. സ്വകാര്യ ഡാറ്റകള്‍ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും നിയമപ്രകാരമുള്ള കരാറുകള്‍ ഒപ്പുവെച്ചില്ല. ഐടി വകുപ്പില്‍ ഇതിനേപ്പറ്റിയുള്ള കൃത്യമായ ഫയലുകളുണ്ടായിരുന്നില്ല. സെക്രട്ടേറിയേറ്റ് ഓഫീസ് മാന്വല്‍ പ്രകാരമുള്ള ഫയല്‍ നീക്കം കരാറുമായി ബന്ധപ്പെട്ട് നടന്നില്ല.മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കോവിഡ് വിവരങ്ങള്‍ അപ്ലോഡ് ചെയ്തു.