അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണം;

കൊല്ലം പരവൂരിൽ അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് എഴുകൊണ്‍ സ്വദേശി ഷംല, മകൻ സാലു എന്നിവർക്ക് നേരെ സദാചാര പൊലീസ് ആക്രമണം ഉണ്ടായത്. ആശുപത്രിയിൽ നിന്ന് മടങ്ങവേ കൊല്ലം തിരുവനന്തപുരം തീരദേശ പാതയിൽ പരവൂർ തെക്കും ഭാഗത്ത് കാറിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ഒരു സംഘം ആളുകള്‍ മർദിക്കുകയായിരുന്നു. ഇവരെ ആക്രമിച്ച പ്രതി ആശിഷ് ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. പരവൂർ സ്വദേശി അശിഷ് ഈ പണി ഇവിടെ പറ്റില്ല എന്ന് പറഞ്ഞു സാലുവിനെ കമ്പി വടി കൊണ്ട് മർദിച്ചു . ഇത് തടയാൻ ശ്രമിച്ച ഷംലയ്ക്കും മർദനമേറ്റു. അമ്മയാണ് എന്ന് പറഞ്ഞപ്പോൾ തെളിവ് ചോദിച്ചു മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഷംലയും സാലുവും നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. മർദന ശേഷം അമ്മയെയും മകനെയും കള്ളക്കേസിൽ കുടുക്കാനും പ്രതി ശ്രമിച്ചു. സംഭവത്തിൽ കേസെടുത്ത പരവൂർ പൊലീസ് ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു.