പുതിയ ഡിസിസി പ്രസിഡന്റുമാരുടെ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെ കേരളത്തിലെ കോൺഗ്രസിൽ രൂപപ്പെട്ട തർക്കങ്ങൾ സജീവമായി നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിർദേശവുമായി നേതൃത്വം രംഗത്തെത്തിയത്. വിഷയത്തിൽ ചാനൽ ചർച്ചകളിൽ പങ്കെടുക്കെണ്ടെന്നാണ് നേതാക്കൾക്ക് ലഭിച്ച പുതിയ നിർദേശം. ഹൈക്കമാൻഡ് തീരുമാനത്തെ ചോദ്യം ചെയ്താൽ നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്കീട്ടുണ്ട്. ഡി.സി.സി പുനഃസംഘടനയ്ക്ക് പിന്നാലെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ വൻ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി തന്നെ രംഗത്തെത്തി. അധ്യക്ഷന്മാരെ നിയമിക്കുന്നതിന് മുമ്പ് വേണ്ടത്ര ചർച്ചകൾ നടന്നിട്ടില്ല എന്നാണ് ഇരുനേതാക്കളുടെയും പരാതി. ഇത്രയും ചർച്ച നടത്തി ഡി സി സി അധ്യക്ഷൻ മാറി തീരുമാനിക്കുന്നത് ചരിത്രത്തിലാദ്യമാണെന്നായിരുന്നു കെ സുധാകരന്റെ വിശദീകരണം . സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രംഗത്തെത്തിയിരുന്നു.