തിരുവനന്തപുരത്ത് അച്ഛനെയും മകളെയും മോഷ്ടാക്കളാക്കി ചിത്രീകരിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. പിങ്ക് പൊലീസ് ഓഫീസർ രജിതയെയാണ് റൂറൽ എസ്പി ഓഫീസിലേക്ക് മാറ്റിയത്. സംഭവത്തെ കുറിച്ച അന്വേഷിച്ച ആറ്റിങ്ങൽ ഡിവൈഎസ്പി റൂറൽ എസ്പിക്ക് റിപ്പോർട്ട് കൈമാറി.അന്വേഷണവിധേയമായാണ് സ്ഥലംമാറ്റം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ആറ്റിങ്ങലിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഐ.എസ്.ആർ.ഒയുടെ ഭീമൻ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവർ നിൽക്കുന്നതിന് സമീപത്തായി പിങ്ക് പൊലീസിൻറെ വാഹനവും പാർക്ക് ചെയ്തിരുന്നു. ഇതിനിടെ മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിചാണ് രജിത പരസ്യമായി വിചാരണ ചെയ്‌തെന്നാണ് ജയചന്ദ്രൻ പറയുന്നത് . ഇതിനിടെ പ്രദേശത്തുണ്ടായിരുന്നവരും വിഷയത്തിൽ ഇടപെട്ടു. മൊബൈൽ ഫോൺ പിന്നീട് പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തിയിട്ടും അതെ രീതിയിലാണ് പെരുമാറിയതെന്നും ആരോപണമുണ്ട്.സംഭവം മൊബൈൽ ഫോണിൽ പകർത്തിയ ആൾ സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പങ്കുവച്ചതോടെയാണ് വിവാദമാകുന്നത്. പരാതിയിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.