സ്വകാര്യ ആശുപത്രികള്‍ക്ക് 126 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

 

സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സീന്‍ വാങ്ങി നല്‍കാന്‍ 126 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ പണം നല്‍കുക. വാക്‌സീന്‍ വാങ്ങി നല്‍കേണ്ട ചുമതല മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനാണുള്ളത്.

ഈ മാസം ഏതാണ്ട് 18.18 ലക്ഷം വാക്‌സീന്‍ വേണമെന്ന് സ്വകാര്യ ആശുപത്രികള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് 20 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സീന്‍ വാങ്ങി നല്‍കാനാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് അനുവദിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാക്‌സീന്‍ വാങ്ങുക. രണ്ട് തവണകളായി പത്ത് ലക്ഷം വീതം വച്ചാണ് വാക്‌സീന്‍ വാങ്ങുക.