ഇ ബുള്‍ ജെറ്റ് ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ നടപടി തുടങ്ങി; സഹോദരങ്ങളുടെ വീട്ടില്‍ നോട്ടീസ് പതിച്ചു

 

ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ നടപടി തുടങ്ങി. അങ്ങാടിക്കടവിലുള്ള ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ വീട്ടില്‍ നോട്ടീസ് പതിച്ചു. ഇരിട്ടി ആര്‍ടിഒ ആണ് ഇതു സംബന്ധിച്ച നോട്ടീസ് നല്‍കിയത്. അപകടരമായ രീതിയില്‍ വാഹനം ഓടിച്ചതിനും റോഡ് നിയമങ്ങള്‍ പാലിക്കാത്തതിനും ട്രാവലറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളാണ് ഇന്ന് തുടങ്ങിയത്.

വ്‌ലോഗേഴ്‌സിന്റെ ലൈസന്‍സ് റദ്ദാക്കാനും ഗതാഗത കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത വ്‌ലോഗര്‍മാരായ ലിബിനും എബിനും ഇന്നലെയാണ് ജാമ്യം ലഭിച്ചത്. കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെത്തി പൊതുമുതല്‍ നശിപ്പിച്ചെന്നും ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നുമായിരുന്നു പരാതി.

ആര്‍ടിഒ ഓഫീസിന് മുന്നിലെത്തി പ്രതിഷേധിച്ച ഇ ബുള്‍ ജെറ്റ് ഫാന്‍സായ 17 പേര്‍ക്കെതിരെ കൊവിഡ് ചട്ടം ലംഘിച്ചതിന് കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ കലാപ ആഹ്വാനം നടത്തിയതിന് കൊല്ലത്തും ആലപ്പുഴയിലും രണ്ടുപേര്‍ക്കെതിരെ കേസുണ്ട്.