പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയിൽ : കാസർകോട് എക്സൈസ് കസ്റ്റഡിയിലെടുത്ത് റിമാൻഡിലാക്കിയയാൾ മരിച്ചു

കാസർകോട് : കാസർകോട് എക്സൈസ് കസ്റ്റഡിയിലെടുത്ത് റിമാൻഡിലാക്കിയയാൾ മരിച്ചു. കാഞ്ഞങ്ങാട് ജയിലിൽ വച്ച് ആരോഗ്യനില വഷളായതോടെ കരുണാകരനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്ത് ദിവസം ബോധമില്ലാതെ ഗുരുതരാവസ്ഥയിൽ കിടന്ന ശേഷമാണ് മരണം. പേശികൾക്കും ആന്തരിക അവയവങ്ങൾക്കും ക്ഷതം ഏറ്റിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു. കിഡ്നി തകരാറും രക്തം കട്ടപിടിച്ച നിലയിലുമായിരുന്നു. ഇൻക്വസ്റ്റ് മജിസ്ട്രേറ്റിന്‍റ് സാന്നിധ്യത്തിൽ നടത്തും.

ഒരു ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്ത ആളാണ് കസ്റ്റഡിയിൽ മരിച്ചതെന്ന് കരുണാകരന്‍റെ സഹോദരൻ ശ്രീനിവാസ പ്രതികരിച്ചു. ഇത് എന്തുകൊണ്ടാണെന്ന് പൊലീസ് അന്വേക്കണം. ഒരു കൈയുടെ വീക്കത്തിന് ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞിരുന്നു. കിഡ്നിക്ക് തകരാറുണ്ടെന്നും ഡയാലിസിസ് വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. എന്നാല്‍, കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്ന് എക്സൈസ് അധികതൃതര്‍ വിശദീകരിച്ചു. ജയിലിൽ വച്ച് അപസ്മാരം ആയതിനാലാണ് ആശുപത്രിയിലാക്കിയത്. ജൂലൈ 19 ന് അതിർത്തി വഴി വാനിൽ ചാരായം കടത്തുമ്പോഴാണ് കരുണാകരനെ പിടികൂടിയത്. അന്ന് തന്നെ കോടതിയിൽ ഹാജരാക്കിയെന്നും എക്സൈസ് വിശദീകരിക്കുന്നു.