
പീഡനപരാതി ഒതുക്കാൻ ശ്രമിച്ച സംഭവത്തിൽ വനം മന്ത്രി എ.കെ.ശശീന്ദ്രനെതിരെ പരാതി . സ്ത്രീക്കെതിരായ കുറ്റകൃത്യം മനപൂർവ്വം മറച്ച് വയ്ക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ.വീണാ നായരാണ് ശശീന്ദ്രനെതിരെ പൊലീസിനും വനിതാ കമ്മീഷനിലും ഗവർണർക്കും പരാതി നൽകിയത് . യൂത്ത് ലീഗ് നേതാവ് അഡ്വ. സജാലാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മന്ത്രിക്കെതിരെ പരാതി നൽകിയത്. മന്ത്രി എ കെ ശശീന്ദൻ ഉടൻ രാജിവച്ചൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ബിജെപി നേതാവ് കെ.സുരേന്ദ്രനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോട്ടലിലേക്ക് വിളിച്ചു വരുത്തി എൻസിപി നേതാവ് പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്ന യുവതിയുടെ പരാതി ജൂൺ 28 ന് പോലീസിന് ലഭിച്ചെങ്കിലും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് വനിതാ കമ്മീഷനിൽ നൽകിയ പരാതിയിൽ വീണാ നായർ ചൂണ്ടിക്കാട്ടുന്നു. യുവതിയുടെ പേരിൽ ഫെയ്ക്ക് ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയതും പരാതിയിൽ പറയുന്നുണ്ട്.