ക രിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെ തള്ളി ആകാശ് തില്ലങ്കേരിയുടെ മൊഴി. അർജുന്‍റെ സ്വർണ്ണക്കടത്ത് ബന്ധങ്ങൾ അറിഞ്ഞത് അവസാന ഘട്ടത്തിലെന്നും പാർട്ടിക്കാരൻ എന്ന സൗഹൃദമാണ് അർജുൻ ആയെങ്കിയുമായി ഉള്ളതെന്നുമാണ് ആകാശിന്‍റെ മൊഴി. തന്‍റെ പേര് ഉപയോഗപ്പെടുത്തി അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്നതായി വിവരം ലഭിച്ചത് അർജുൻ പിടിയിലായ ശേഷം മാത്രമാണെന്നും ആകാശ് തില്ലങ്കേരി കസ്റ്റംസിന് മൊഴി നൽകി. സ്വർണ്ണക്കടത്തുമായി ഒരു ബന്ധവും ഇല്ലെന്നും ആകാശ് തിലല്ലങ്കേറിയുടെ മൊഴിയില്‍ പറയുന്നു.
ആകാശ് തില്ലങ്കേരിയെ 12 മണിക്കൂർ നേരമാണ് കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തത്. ഇന്നലെ രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ രാത്രി 11 മണിവരെ നീണ്ടു. അർജുൻ ആയങ്കിയുടെയും ടിപി വധക്കേസ് കുറ്റവാളി മുഹമ്മദ് ഷാഫിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്തത്. അതേസമയം, ടിപി കേസിൽ ജയിലിൽ കഴിയുന്ന കൊടി സുനിയെ ചോദ്യം ചെയ്യാൻ ഉടൻ കോടതിയെ സമീപിക്കാനും കസ്റ്റംസ് തീരുമാനിച്ചു.