
കഴിഞ്ഞ മാസം ജമ്മു കശ്മീരില്‍ വ്യോമസേനാ താവളത്തില്‍ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടന്ന് പ്രതിരോധം ശക്തമാക്കുനൊരുങ്ങി വ്യോമസേന. ഇതിന്റെ ഭാഗമായി 10 കൗണ്ടര്‍ അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം സ്വന്തമാക്കാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മാണത്തിനായി ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് വ്യോമസേന അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.വ്യോമസേനാ പുറപ്പെടുവിച്ച നിര്‍ദേശ പ്രകാരം ഇന്ത്യന്‍ നിര്‍മിത ആന്റി ഡ്രോണ്‍ സിസ്റ്റത്തിന്റെ പ്രധാന ഭാഗം ലേസര്‍ ആയുധമായിരിക്കണമെന്നാണ് റിപ്പോര്‍ട്ട്. വിവിധ വ്യോമസേനാ താവളങ്ങളില്‍ വിന്യസിക്കാന്‍ പദ്ധതിയിടുന്ന ഇതില്‍ മള്‍ട്ടി സെന്‍സര്‍ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഫലപ്രദമായ പ്രതിരോധത്തിനുള്ള സംവിധാനങ്ങളുണ്ടാകണമെന്നും നിഷ്കര്‍ഷിക്കുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മുവിലെ വ്യോമസേനാ താവളത്തില്‍ ആന്റി ഡ്രോണ്‍ (ഡ്രോണ്‍ പ്രതിരോധ) സംവിധാനം സ്ഥാപിച്ചിരുന്നു. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍.എസ്.ജി) ആണ് വ്യോമസേനാ സ്റ്റേഷനില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം സ്ഥാപിച്ചത്. പുതിയ ആക്രമണ ഭീഷണികള്‍ കണക്കിലെടുത്ത് ഇവിടുത്തെ മറ്റു സുരക്ഷാ സംവിധാനങ്ങളും വിപുലീകരിച്ചിരുന്നു. റേഡിയോ ഫ്രീക്വന്‍സി ഡിറ്റക്ടറും സോഫ്റ്റ് ജാമറും ഡ്രോണ്‍ വിരുദ്ധ തോക്കുകളും സ്ഥാപിച്ചിട്ടുണ്ട്.