സ്വർണക്കടത്ത് അന്വേഷണം എത്തിനിൽക്കുന്നത് സിപിഎം നേതാക്കളിലായതിനാൽ തൽക്കാലം ശ്രദ്ധ തിരിക്കാനാണ് തനിക്ക് സർക്കാർ നോട്ടിസ് അയച്ചതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
അർജുൻ ആയങ്കി കൊടി സുനിയുടെ പേര് വെളിപ്പെടുത്തിയതോടെ നേതാക്കളിലേക്ക് അന്വേഷണം എത്തുമെന്ന് സിപിഎമ്മിന് ഉറപ്പായി. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് എടുത്തത്. ‘ശ്രദ്ധ തിരിക്കണം, എന്നാൽപ്പിന്നെ സുരേന്ദ്രന് ഒരു നോട്ടിസ് അയയ്ക്കാം’ എന്നാണ് നിലപാട്. കേസ് കണ്ട് നെഞ്ചുവേദന അഭിനയിക്കില്ല. കോവിഡ് അഭിനയിക്കില്ല. കള്ളക്കേസ് ആണെന്ന് അറിഞ്ഞിട്ടും സഹകരിക്കുന്നത് അതുകൊണ്ടാണ്. വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി കഴിഞ്ഞതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്ന് ആരും അന്വേഷിക്കുന്നില്ല.
‘കാറും കോളും കണ്ട് വിറയ്ക്കുന്ന കപ്പിത്താനല്ല സുരേന്ദ്രൻ; ജനനായകനെ വേട്ടയാടാൻ വിട്ടുതരില്ല’
സിപിഎം നേതൃത്വം പൊലീസിനെ ഉപയോഗിച്ച് ആസൂത്രിത നീക്കമാണ് നടത്തുന്നത്. സാക്ഷിമൊഴി എടുക്കാൻ ഹാജരാകാനാണ് നോട്ടിസ് തന്നിരിക്കുന്നത്. പറഞ്ഞ ദിവസം തന്നെ ഹാജരാകണമെന്നില്ല. എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ല. ഇതിനേക്കാൾ വലിയ വെള്ളിയാഴ്ച വന്നിട്ട് മൂത്താപ്പ പള്ളിയിൽ പോയിട്ടില്ല. പാർട്ടി നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വരുത്തി തീർക്കാൻ കുത്തിത്തിരിപ്പുണ്ടാക്കേണ്ട. എന്താണ് ചെയ്യേണ്ടതെന്ന് പാർട്ടി ഒറ്റക്കെട്ടായി തീരുമാനിക്കും.
പാർട്ടിയുടെ സംസ്ഥാന സമിതി യോഗം ചൊവ്വാഴ്ച്ചയാണ്. താൻ ഹാജരാവേണ്ടത് അന്നാണ്. യോഗം തീരുമാനിച്ചതിനു ശേഷമാണ് നോട്ടിസ് വന്നത്. ടിപി കേസിൽ കൂത്തുപറമ്പ് ഓഫിസ് സെക്രട്ടറിയെ പിടിക്കാൻ ചെന്നപ്പോൾ സിപിഎം ചെയ്തതുപോലെ പൊലീസിനെ തെറി പറയാനും തടയാനും ഇല്ല. ശബരിമല സമരകാലത്ത് ഓട്ടോയിൽ ചാരായം കടത്തിയെന്നൊക്കെ തന്റെ പേരിൽ കേസെടുത്ത സർക്കാരിൽ നിന്ന് നീതി പ്രതീക്ഷിക്കാൻ മാത്രം താൻ മണ്ടനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.