പിറന്നാള്‍ നിറവില്‍ വിജയനായകന്‍; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76 ാം പിറന്നാള്‍

ചരിത്രം തിരുത്തി കുറിച്ച വിജയനായകന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് പിറന്നാള്‍. തുടര്‍ഭരണത്തിന്റെ നിറവില്‍ പതിനഞ്ചാം കേരളനിയമസഭയുടെ ഒന്നാംസമ്മേളനം ചേരുന്ന ദിവസം തന്നെയാണ് പിറന്നാളെന്നതും പ്രത്യേകതയാണ്. എന്നാല്‍ ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസറിയിച്ചു.

 

ഒന്നാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് തലേ ദിവസമാണ്് ആദ്യമായി പിണറായി വിജയന്‍ തന്റെ ജന്‍മദിനത്തെ കുറിച്ച് തുറന്നു പറഞ്ഞത്. 5 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ജന്മദിനം കൂടി എത്തുമ്പോള്‍ തുടര്‍ഭരണമെന്ന ചരിത്ര സൃഷ്ടിക്ക് നേതൃത്വം നല്‍കിയ ക്യാപ്റ്റനെന്ന പേരു കൂടി പിണറായി വിജയന് സ്വന്തം.

കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തില്‍ പ്രതിസന്ധികള്‍ മറികടന്ന് കേരളത്തെ കരുതലോടെ ചേര്‍ത്തു പിടിച്ച ജനനായകന് 76 തികയുമ്പോള്‍ ദേശീയതലത്തില്‍ തന്നെയും ശ്രദ്ധിക്കുന്ന ഭരണകര്‍ത്താവായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്.

കോവിഡിന്റെ രണ്ടാം തരംഗവും, സാമ്പത്തികപ്രതിസന്ധിയും എല്ലാംകൊണ്ടും പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന സാഹചര്യത്തില്‍ കേരളത്തിന് കരുതലായി അതിജീവിക്കാന്‍ അദ്ദേഹത്തിന്റെ തുടര്‍ഭരണത്തിന് കഴിയും എന്ന പ്രത്യാശയോടെ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേരുന്നു.