പ്രതിപക്ഷസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായോ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗത്വം നല്‍കിയോ ചെന്നിത്തലയെ ദേശീയ നേതൃത്വത്തിലേക്ക് മാറ്റാനാണ് സാധ്യത.


ചെന്നിത്തലയ്ക്ക് പകരം വിഡി സതീശന്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത. അതേ സമയം പിടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ പേരുകളും പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഉയരുന്നുണ്ട്. നേരത്തെ കെ.പി.സി.സി അധ്യക്ഷനെയും, പ്രതിപക്ഷ നേതാവിനെയും മാറ്റണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ.സുധാകരന്റെ പേരിനാണ് മുന്‍തൂക്കം.

എന്നാല്‍ ഇങ്ങനെയൊരു ആലോചന നിലവില്‍ ഇല്ലെന്നും
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ചെന്നിത്തല തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.