ആംബുലന്‍സ് ലഭിച്ചില്ലെങ്കില്‍ ഉപയോഗിക്കാന്‍ പകരം വാഹനസംവിധാനം കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം

നിര്‍ണായകഘട്ടത്തില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി വെക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെട്ടന്ന് ആംബുലന്‍സ് ലഭിച്ചില്ലെങ്കില്‍ ഉപയോഗിക്കാന്‍ പകരം വാഹനസംവിധാനം കണ്ടെത്തണമെന്നും സിഎഫ്എല്‍ടിസി ആണെങ്കിലും ഡൊമിസിലറി കേയര്‍ സെന്റര്‍ ആണെങ്കിലും അവിടെ ആരോഗ്യ പ്രവര്‍ത്തകരുണ്ടായിരിക്കണമെന്നും ഡൊമിസിലറി കെയര്‍ സെന്ററുകളില്‍ ആംബുലന്‍സ് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ പ്രതിനിധികളുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുന്നപ്രയില്‍ ആംബുലന്‍സ് വെകിയ സന്ദര്‍ഭത്തില്‍ കൊവിഡ് രോഗിയെ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു. പുന്നപ്രയിലെ യുവാക്കള്‍ ചെയ്തത് നല്ല കാര്യമാണ്. ഗുരുതരാവസ്ഥയിലായ രോഗിയെ വീണുപോകാതെ രണ്ട് പേര്‍ ചേര്‍ന്ന് നടുക്ക് ഇരുത്തി ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തി. പക്ഷേ ബൈക്ക് ആംബുലന്‍സിന് പകരമല്ല. ആംബുലന്‍സിന് പകരമായി ബൈക്ക് ഉപയോഗിക്കാനും കഴിയില്ല. അടിയന്തര ഘടത്തില്‍ അവര്‍ ഉപയോഗിച്ചുവെന്നേയുള്ളു. അതുകൊണ്ടുതന്നെ നിര്‍ണായകഘട്ടത്തില്‍ ആംബുലന്‍സിന് പകരം ഉപയോഗിക്കാനുള്ള വാഹനം തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കി വെക്കണം.

തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഡ് തല സമിതി രൂപീകരിക്കണം.വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനങ്ങളില്‍ മങ്ങല്‍ ഉണ്ടാ എന്നും പരിശോധിക്കണം. വാര്‍ഡ് തല സമിതി അംഗങ്ങള്‍ക്ക് വാക്‌സിനേഷനില്‍ മുന്‍ഗണന നല്‍കണം. കിടപ്പു രോഗികള്‍ക്ക് പ്രത്യകം പരിചരണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.