തിരുവനന്തപുരം : കോണ്‍ഗ്രസ് ഒരിക്കലും തൃശൂര്‍ പൂരത്തിന് എതിര് നിന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തണോയെന്ന് സംസ്ഥാന സര്‍ക്കാരും സംഘാടകരും ആലോചിക്കണമെന്നും മുല്ലപ്പളളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരാണ് തീരുമാനം എടുക്കേണ്ടത്. ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജാഗ്രത അനിവാര്യമാണെന്നും മുല്ലപ്പളളി വ്യക്തമാക്കി.

അതേസമയം, കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് കോവിഡ് കണ്‍ട്രോള്‍ റൂം തുറന്നു. ഡോ എസ് എസ് ലാലിന്റെ നേതൃത്വത്തിലാണ് ഇത്. ഐഎംഎ യുടെ സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആവശ്യമെങ്കില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതുപക്ഷത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ചെറിയാന്‍ ഫിലിപ്പിന് ഉപാധികളില്ലാതെ സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസിലേക്ക് ആര് വന്നാലും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആരെയും സ്വീകരിക്കും. കോണ്‍ഗ്രസിലേക്ക് വരാന്‍ തീരുമാനിച്ചാല്‍ ചര്‍ച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.