
കണ്ണൂർ കതിരൂരിൽ ബോംബ് നിർമിക്കുന്നതിടെ കൈ പത്തികൾ തകർന്ന സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംഭവ സ്ഥലത്തെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലിസ് കണ്ടെത്തി. ബോംബ് നിർമാണത്തിൽ അഞ്ചു പേർ ഉൾപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. ഒരാൾക്ക് പരിക്കേറ്റു. മൂന്നു പേർ ഓടി രക്ഷപ്പെട്ടു. മറ്റൊരാൾ കസ്റ്റഡിയിലാണ് ബോംബ് നിർമാണം നടന്ന വീടിന്റെ ഉടമ ബിനു ഹരിദാസൻ ആണ് പൊലിസ് കസ്റ്റഡിയിലുള്ളത്. അതിനിടെ സ്ഫോടനത്തിന്റെ തെളിവുകൾ നശിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പൊട്ടിത്തെറി നടന്ന സ്ഥലം മഞ്ഞൾപ്പൊടി ഉപയോഗിച്ച് കഴുകിയിട്ടുണ്ട്. പൊലീസ് നായ മണം പിടിക്കാതിരിക്കാനും രാസ വസ്തുക്കൾ കണ്ടെത്താതിരിക്കാനും വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ അറ്റുപോയ നിജേഷിന്റെ കൈ പത്തിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. രാസവസ്തുക്കളും മറ്റും അടുത്ത വളപ്പിലെ പൊട്ടക്കിണറ്റിൽ തള്ളിയതായി സംശയമുണ്ട്. കോൺ ക്രീറ്റ് ഭരണിക്കുള്ളിൽ വച്ചാണ് ബോംബ് നിർമിച്ചതെന്നാണ് കരുതുന്നത്. പരിക്കേറ്റ പ്രതി നിജീഷ് ഇടതുപക്ഷ അനുഭാവിയാണെന്നല്ലാതെ സജീവ രാഷ്ട്രീയ പ്രവർത്തകൻ അല്ലെന്നാണ് പരിസരവാസികൾ പറയുന്നത്.
