മുപ്പത് സെക്കൻഡ് നൃത്തത്തിലൂടെ സാമൂഹിക മാധ്യമങ്ങൾ കീഴടക്കിയ തൃശൂർ മെഡിക്കൽ കോളജ് വിദ്യാർത്ഥികളായ ജാനകിക്കും നവീനുമെതിരെ കഴിഞ്ഞ ദിവസം ഉണ്ടായ വിദ്വേഷ പ്രചാരണമാണ് ഇപ്പോഴും ചർച്ചയാകുന്നത്. ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി ഹൈകോടതി അഭിഭാഷകനായ ആർ കൃഷ്ണരാജ് പറഞ്ഞ മോശം പരാമർശമായിരുന്നു എല്ലാത്തിനും തുടക്കമായത്.
ജാനകിയും നവീനും. തൃശൂർ മെഡിക്കൽ കോളേജിലെ രണ്ട് വിദ്യാർത്ഥികളുടെ ഡാൻസ് വൈറൽ ആകുന്നു. ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർത്ഥികൾ. എന്തോ ഒരു പന്തികേട് മണക്കുന്നു. ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. എന്നായിരുന്നു ആർ കൃഷ്ണരാജ് കുറിച്ചിരുന്നത്.
അതെ സമയം നിരവധി പേരാണ് അഭിഭാഷകനെതിരെ പ്രതിഷേധ പോസ്റ്റുകളും കമ്മെന്റുകളുമായി എത്തിയത് . ഇപ്പോഴിതാ ഇതിനെതിരെ ആക്റ്റിവിസ്റ്റും ബിഗ് ബോസ് ഫെയിമുമായ ജസ്ല മാടശ്ശേരിയും രംഗത്തെത്തിയിരിക്കുകയാണ്.
പണ്ട് ഞാനും ഒന്നു ഡാൻസു് കളിച്ചു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവൻമ്മാർ. ആ വ്യത്യാസമേ ഉള്ളു. അന്നെന്റെ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു.
മത വിശ്വാസികൾക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ടു്. സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലങ്കിൽ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും. ഇരട്ടത്താപ്പ് കാണണമെങ്കിൽ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം.
എന്നാണ് ജസ്ല ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.