അന്വേഷണ ഏജൻസികൾ നിയമവ്യവസ്ഥകൾ തുടർച്ചയായി ലംഘിക്കുന്നു; എം വി ജയരാജൻ

Gold Geometric Low Poly Vector Background. Shiny Metallic Faceted Pattern. Golden Light Triangle Sparkles in the Dark.

കേന്ദ്ര അന്വേഷണ ഏജൻസികൾ എല്ലാ നിയമവ്യവസ്ഥകളും തുടർച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ.ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു എം വി ജയാരഞ്ഞെ പ്രതികരണം. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും മുഖ്യമന്ത്രിയടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്നതിന് നിരവധി തെളിവുകൾ ഉണ്ട്. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമാണത്തെ തടസ്സപ്പെടുത്തുകയും 142 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം കരിച്ചുകളയുകയുമാണ് സിബിഐ ചെയ്തത്.കേന്ദ്ര ഏജൻസികൾ നിയമവിരുദ്ധമായി സംസ്ഥാനത്തിനകത്ത് പ്രവർത്തിച്ചാൽ നിയമവിധേയമായി നടപടികൾ സ്വീകരിക്കാനുള്ള ബാധ്യത നിയമവ്യവസ്ഥയും ഭരണഘടനയിലെ ഫെഡറൽ തത്വങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്തമാണ്. കേന്ദ്ര ഏജൻസികൾ അതിരുവിടുമ്പോൾ സംസ്ഥാന സർക്കാർ അതിര് ലംഘിക്കാതെയാണ് നടപടിയെടുക്കുന്നതെന്നും എം വി ജയരാജൻ പ്രതികരിച്ചു.


എം വി ജയരാജന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം

 

കേന്ദ്രം അതിരുവിടുമ്പോൾ പരിധിവിടാതെ സംസ്ഥാന സർക്കാർ
==================================
കേന്ദ്ര അന്വേഷണ ഏജൻസികൾ എല്ലാ നിയമവ്യവസ്ഥകളും തുടർച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തിയും സമ്മർദ്ദത്തിലാക്കിയും മുഖ്യമന്ത്രിയടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു എന്ന് നിരവധി തെളിവുകൾ പുറത്തുവന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥന്മാർ അവരെപ്പോലെ തന്നെ പ്രവർത്തിക്കുന്നതും സംസ്ഥാന നിയമസഭ പാസ്സാക്കിയ നിയമത്തെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമായ കിഫ്ബിയിൽ റെയ്ഡ് നടത്തി. ഇ ഡി എന്ന പരമാധികാരമുണ്ടെന്ന് സ്വയം കല്പിച്ച അന്വേഷണസംഘം വനിതയടക്കമുള്ള കിഫ്ബി ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി മൂന്നാംമുറയിലായിരുന്നു പെരുമാറ്റം. വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമാണത്തെ തടസ്സപ്പെടുത്തുകയും 142 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം കരിച്ചുകളയുകയുമാണ് സിബിഐ ചെയ്തത്. കേന്ദ്ര അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും നൽകി സഹകരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്. എന്നിട്ടും കേന്ദ്ര ഏജൻസികൾ എല്ലാ പരിധിയും ലംഘിച്ചു. വികസനവും ക്ഷേമവും തടയുകയെന്ന നിലപാടുള്ള ബിജെപി – കോൺഗ്രസ് കൂട്ടുകെട്ടിന്റെ ചട്ടുകമായി കേന്ദ്ര ഏജൻസികൾ മാറാൻ പാടില്ല. അതുകൊണ്ടാണ് സംസ്ഥാന സർക്കാറിന് ചില ഘട്ടങ്ങളിൽ കോടതിയെ സമീപിക്കേണ്ടിവന്നതും ഇപ്പോൾ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതും. കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നതുപോലെ ഈ ഘട്ടത്തിലും ബിജെപി – കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ വന്നു. പോലീസ് കേസെടുത്തതും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചതും സംസ്ഥാന അധികാരപരിധിയിൽ പെടുന്ന കാര്യങ്ങളാണ്. കേന്ദ്ര ഏജൻസികൾ നിയമവിരുദ്ധമായി സംസ്ഥാനത്തിനകത്ത് പ്രവർത്തിച്ചാൽ നിയമവിധേയമായി നടപടികൾ സ്വീകരിക്കാനുള്ള ബാധ്യത നിയമവ്യവസ്ഥയും ഭരണഘടനയിലെ ഫെഡറൽ തത്വങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാറിന്റെ ഉത്തരവാദിത്തമാണ്. അത് ചെയ്യുന്നത് ഒരിക്കലും തെറ്റല്ല. കേന്ദ്ര ഏജൻസികൾ അതിരുവിടുമ്പോൾ സംസ്ഥാന സർക്കാർ അതിര് ലംഘിക്കാതെയാണ് നടപടിയെടുക്കുന്നത്.

എം.വി. ജയരാജൻ