എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്ലാത്തത് കോണ്‍ഗ്രസ്സ്- ബിജെപി തമ്മിലുള്ളധാരണയുടെ തെളിവ് :പിണറായി വിജയന്‍

കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ധാരണയുടെ തെളിവാണ് എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയില്ലാത്തതെന്ന് പിണറായി വിജയന്‍. ഒരിടത്ത് കൊടുത്ത് മറ്റൊരിടത്ത് വാങ്ങുക എന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. കൃത്യമായ അജണ്ടയോടെയാണ് എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതാക്കിയത്. ആ നിയോജക മണ്ഡലവും അവിടെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെയും പരിശോധിച്ചാല്‍ അത് കാണാന്‍ സാധിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

ജനാധിപത്യം, മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുന്നു. വര്‍ഗീയ പ്രീണന നയങ്ങളുമായി സന്ധിചെയ്ത് കോണ്‍ഗ്രസില്‍ തുടരുക അല്ലെങ്കില്‍ ബി.ജെ.പിക്ക് സ്വയം വില്‍ക്കുക എന്നതാണ് സമീപകാലത്ത് കോണ്‍ഗ്രസിലെ പൊതു രീതിയെന്നും, വര്‍ഗീയ വിരുദ്ധ സമീപനം സ്വീകരിക്കുന്നവര്‍ക്ക് രക്ഷയില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയിരിക്കുന്നുവെന്നും പിണറായി വിജയന്‍ ആക്ഷേപിച്ചു.

 

വര്‍ഗീയതയെ കൂട്ടുപിടിച്ച് അധികാരം പിടിച്ചെടുക്കാമെന്ന് വ്യാമോഹിച്ച കോണ്‍ഗ്രസ്സിന് അത് തകര്‍ന്നടിയുന്നു എന്ന് കാണുമ്പോള്‍വെപ്രാളമുണ്ടാക്കുന്നുവെന്നും ബിജെപി കോണ്‍ഗ്രസ് കേരളാതല കൂട്ടുകെട്ടിനെ വോട്ടര്‍മാര്‍ തള്ളുമെന്നും പിണറായി വിജയന്‍ പറഞ്ഞു.