രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് രാജ്യത്ത് തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു

രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്  രാജ്യത്ത് തുടക്കമാക്കമായി. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് ആരോഗ്യപ്രശ്‌നം ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കുക. രാവിലെ ഒന്‍പത് മണി മുതല്‍ കൊവിന്‍ ആപ്പ് 2.0 ല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് നരേന്ദ്ര മോദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിന് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും എത്ര വേഗതയിലാണ് പ്രവര്‍ത്തിച്ചതെന്നത് ശ്രദ്ധേയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ യോഗ്യരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണം. കൊവിഡ് മുക്തമായ ഇന്ത്യയ്ക്കായി പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.