സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ മുട്ടിലിഴയേണ്ടത് ആരെന്ന് മുഖ്യമന്ത്രി ആലോചിക്കട്ടെയെന്ന് ഉമ്മന്‍ചാണ്ടി

 

നിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാര്‍ എന്നും പി.എസ്.സി ഉദ്യോഗാര്‍ത്ഥികളോട് നീതികാട്ടിയിട്ടുണ്ട്. തസ്തികകള്‍ സൃഷ്ടിച്ച് യു ഡി എഫ് സര്‍ക്കാര്‍ നിയമനം നടത്തിയിട്ടുണ്ടുമുണ്ട്. റാങ്ക് ലിസ്റ്റ് വരാതെ ഒരു ലിസ്റ്റും യു.ഡി.എഫ് റദ്ദാക്കിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു

ഇതുവരെ ഉദ്യോഗാര്‍ത്ഥികളുമാി ചര്‍ച്ചയ്ക്ക് സന്നദ്ധനാകാത്ത മുഖ്യമന്ത്രി ഇപ്പോള്‍ തന്നെ കുറ്റം പറയുകയാണ്. പി.എസ്.സി ഉദ്യോഗാര്‍ഥികളുമായി മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാവണം. സമരക്കാരുമായി ചര്‍ച്ച നടത്തിയാല്‍ ആരാണ് ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ മുട്ടിലിഴയേണ്ടത്് എന്ന കാര്യം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നില്‍ മുട്ടിലിഴയേണ്ടത്് ഉമ്മന്‍ചാണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ഇതിലും വലിയ ആക്ഷേപങ്ങള്‍ താന്‍ കേട്ടിട്ടുണ്ടെന്നും വ്യക്തിപരമായി ആക്ഷേപിച്ചതില്‍ പരാതി ഇല്ലെന്നും തന്റെ നിലപാട് യു.ഡി.എഫിന്റെ നിലപാടാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ചലച്ചിത്രമേള പോലുള്ളവ രാഷ്ട്രീയവല്‍ക്കരിക്കുന്നത് കഷ്ടമാണെന്നും അദ്ദേഹം വിമര്‍ശിച്ചു