ഐഎഫ്എഫ്‌കെ കൊച്ചി എഡിഷനിലെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്ന നടന്‍ സലിം കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. സലീം കുമാറിന്റെ നിലപാടിനു പിന്നില്‍ രാഷ്ട്രീയമെന്ന് സംശയിക്കുന്നു ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചതെന്ന് സലിം കുമാര്‍ പറയണം. ചലചിത്രമേളയില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും കമല്‍ പറഞ്ഞു.
മേളയുടെ തിരി തെളിയിക്കേണ്ടവരുടെ പട്ടികയില്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സലിം കുമാറിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. നടപടി വിവാദമായതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങില്‍ സലിം കുമാര്‍ ഉണ്ടാകുമെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു.അദ്ദേഹത്തെ താന്‍ നേരിട്ട് ക്ഷണിക്കാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ അതിനുള്ള അവസരമാണ് സലിം കുമാര്‍ നഷ്ടമാക്കിയതെന്നും കമല്‍ വിമര്‍ശിച്ചു.
കമല്‍ വിളിച്ചത് വിവാദമായ ശേഷമാണെന്നും ചടങ്ങില്‍ പങ്കെടുത്താല്‍ പിന്തുണ നല്‍കിയവരോട് ചെയ്യുന്ന വഞ്ചനയാകുമെന്നും അതിനാല്‍ ക്ഷണം നിരസിക്കുന്നുവെന്നുമാണ് സലിം കുമാര്‍ പറഞ്ഞു.തന്നെ ഒഴിവാക്കാന്‍ ലക്ഷ്യമിട്ടവര്‍ വിജയിക്കട്ടെയെന്നും സലിം കുമാര്‍ കൂട്ടിച്ചേര്‍ത്തു.