ആപത്ഘട്ടങ്ങളില്‍ സ്ത്രീസുരക്ഷ ഇനി ഒരു ക്ലിക്കില്‍

 

നിര്‍ഭയം ആപ്പ്

എങ്ങനെയാണ് ഈ ആപ്പ് ഉപയോഗിക്കേണ്ടത് ?

സ്ത്രീ സുരക്ഷക്കായി കേരള പോലീസ് തയ്യാറാക്കിയതാണ് നിര്‍ഭയ മൊബൈല്‍ ആപ്പ്. ഈ ആപ്പിലെ ഹെല്‍പ്പ് എന്ന ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷന്‍ ഏറ്റവും അടുത്തുള്ള പോലീസ് കണ്‍ട്രോള്‍ റൂമിലോ പൊലീസ് സ്റ്റേഷനിലോ ലഭിക്കും. അഞ്ചുസെക്കന്‍ഡ് തുടര്‍ച്ചയായി ഹെല്‍പ്പ് ബട്ടണ്‍ അമര്‍ത്തിയാല്‍ കണ്‍ട്രോള്‍ റൂമില്‍ അടുത്ത സെക്കന്‍ഡില്‍ മെസേജെത്തും. അങ്ങനെ കണ്‍ട്രോള്‍ റൂമില്‍ അപായ സിഗ്‌നല്‍ മുഴങ്ങും. മെസ്സേജിനൊപ്പമുള്ള ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷന്‍, മൊബൈല്‍ യൂണിറ്റ് എന്നിവിടങ്ങളിലേക്ക് ഉടന്‍ സന്ദേശം കൈമാറും.

ഇന്റര്‍നെറ്റ് കവറേജ് ഇല്ലാതെതന്നെ ഈ ആപ്പ് മുഖേന സന്ദേശങ്ങളും ലൊക്കേഷനും പോലീസുമായി പങ്കുവെക്കാം. ഫലത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തും. അടിയന്തര പ്രാധാന്യത്തോടെ നടപടിയെടുക്കണമെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ഓരോ ജില്ലയ്ക്കും ഓരോ കണ്‍ട്രോള്‍ റൂമുകളുണ്ട്. നിര്‍ഭയം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത മൊബൈല്‍ ഫോണ്‍ വെച്ച് ഒരാള്‍ക്ക് ഏത് ജില്ലയില്‍ നിന്നും സഹായം അഭ്യര്‍ത്ഥിക്കാം. ജില്ലയുടെ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശമെത്തും വിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.

ഫോട്ടോ വീഡിയോ എന്നിവ ഒറ്റ ക്ലിക്കിലൂടെ എടുത്ത് അയക്കാന്‍ ഉള്ള ക്രമീകരണവുമുണ്ട്. ശബ്ദ സന്ദേശം അയക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോണ്‍ തട്ടിയെടുത്താല്‍ സന്ദേശം ക്യാന്‍സല്‍ ചെയ്യാനാകില്ല. തല്‍സമയം ലഭിക്കുന്ന ദൃശ്യങ്ങളും മറ്റും പോലീസിന് തെളിവാകുകയും ചെയ്യും.

നിര്‍ഭയ ആപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. സ്ത്രീസുരക്ഷ ഇനി ഒരു ക്ലിക്കില്‍….