ആലപ്പുഴ ബൈപാസ് നാടിന് സമർപ്പിച്ചു

നഗരത്തിലെ പാലങ്ങളിൽ കുടുങ്ങി ഇഴഞ്ഞുനീങ്ങിയിരുന്ന ആലപ്പുഴയ്‌ക്ക്‌ ഇനി അതിവേഗം കുതിക്കാം. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പ്‌ അവസാനിപ്പിച്ച്‌ ബൈപ്പാസ്‌ ജനങ്ങൾക്കായി തുറന്നുകൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരിയും ചേർന്നാണ്‌ സ്വപ്‌നപദ്ധതി ഉദ്‌ഘാടനം ചെയ്‌തത്‌.

കേന്ദ്രത്തിന്റെ സഹായം ആവശ്യമുള്ള പദ്ധതികളെക്കുറിച്ച്‌ നിരന്തരമായി കേന്ദ്രമന്ത്രിയുമായി സംസാരിക്കാറുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പലവിധ പദ്ധതികൾ പറഞ്ഞ കൂട്ടത്തിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റിങ്‌ റോഡ്‌ അദ്ദേഹം വിട്ടുപോയിട്ടുണ്ട്‌. അത്‌ അദ്ദേഹത്തിന്റെ ഓർമ്മയിലേക്ക്‌ കൊണ്ടുവരികയാണ്‌. അടുത്ത ഡൽഹി യാത്രയിൽത്തന്നെ മന്ത്രിയുമായി എല്ലാ വികസന വിഷയങ്ങളും ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലാണ്‌ നാല്‌ വൻകിട പാലങ്ങളാണ്‌ ഈ സർക്കാരിന്റെ കാലത്ത്‌ പണിത്‌ പൂർത്തിയാക്കിയത്‌. പാലാരിവട്ടം പാലം മെയ്‌ മാസത്തിൽ പൂർത്തിയാക്കും ‐ മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത 66-ല്‍ (പഴയ എന്‍എച്ച്.-47) കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. ഇതില്‍ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാത(എലിവേറ്റഡ് ഹൈവേ)യാണ്. മേല്‍പ്പാലംമാത്രം 3.2 കി.മീ. വരും. കേരളത്തിലെ ഏറ്റവും വലുതും കടല്‍ത്തീരത്തിനുമുകളിലൂടെ പോകുന്നതുമായ ആദ്യ എലിവേറ്റഡ് ഹൈവേയും ഇതാണ്. ദേശീയപാതയിലൂടെ തെക്കോട്ടും വടക്കോട്ടും പോകുന്ന വാഹനങ്ങള്‍ക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തില്‍ യാത്രചെയ്യാം.

കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയും ചെലവഴിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ലൈറ്റ് സ്ഥാപിക്കാനും റെയില്‍വേയ്ക്ക് നല്‍കിയതുംകൂടി ചേര്‍ത്ത് 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു. കേന്ദ്രപദ്ധതിയില്‍ 92 വഴിവിളക്കുകള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ 412 വിളക്കുകളുണ്ട്.