വി.കെ.ശശികല ജയില്‍ മോചിതയായി

ബെംഗളൂരു: അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല ജയില്‍ മോചിതയായി. അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ പാരപ്പന അഗ്രഹാര ജയിലില്‍ നാലു വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കിയ ശശികല ഇന്നാണ് മോചിതയായത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ശശികല ചികില്‍സയില്‍ കഴിയുന്ന വിക്ടോറിയ ആശുപത്രിയില്‍വച്ച്‌ ഇന്നു രാവിലെയാണ് ജയില്‍ നടപടികള്‍ പൂര്‍ത്തിയായത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായതിനാല്‍ ശശികലയെ ചിലപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയേക്കും. ശശികലയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

കോവിഡ് ഭേദമായാല്‍ ഉടന്‍തന്നെ ശശികല ചെന്നൈയിലെത്തും. ശശികലയ്ക്ക് താമസിക്കുന്നതിനായി കുടുംബാംഗങ്ങള്‍ അഞ്ചു സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ശശികലയുടെ അനന്തരവള്‍ കൃഷ്ണപ്രിയയുടെ വസതിയോട് ചേര്‍ന്നുള്ള വീട്ടില്‍ താമസിക്കാനാണ് കൂടുതല്‍ സധ്യത. ശശികലയുടെ ബന്ധു ഇളവരശിയുടെ മകളാണ് കൃഷ്ണപ്രിയ. അനധികൃത സ്വത്ത് സന്പാദന കേസില്‍ കൂട്ടുപ്രതിയായിരുന്നു ഇളവരശി. 2017 ല്‍ അഞ്ചു ദിവസത്തെ പരോള്‍ ലഭിച്ചപ്പോള്‍ കൃഷ്ണപ്രിയയുടെ വീട്ടിലാണ് ശശികല താമസിച്ചത്.

അനധികൃത സ്വത്ത് സന്പാദന കേസില്‍ നാലു വര്‍ഷം തടവും 10 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി ശശികലയ്ക്ക് വിധിച്ച ശിക്ഷ. സുപ്രീം കോടതി ഇത് ശരിവയ്ക്കുകയും ചെയ്തു. ജഡ്‌ജിമാരായ പിനാകി ചന്ദ്ര ഘോഷും അമിതാവ റോയിയും ഉള്‍പ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ 66.65 കോടി രൂപ അനധികൃതമായി സമ്ബാദിച്ചെന്നാണ് കേസ്. ജയലളിത, ശശികല, ജയലളിതയുടെ വളര്‍ത്തുമകന്‍ സുധാകരന്‍, ബന്ധു ഇളവരശി എന്നിവരാണ് കേസിലെ പ്രതികള്‍.

2014 സെപ്‌റ്റംബര്‍ 27ന് നാലു പ്രതികള്‍ക്കും നാലു വര്‍ഷം തടവ് വിചാരണക്കോടതി വിധിച്ചു. പിഴയായി ജയലളിത 100 കോടി രൂപയും മറ്റുള്ളവര്‍ 10 കോടി വീതവും അടയ്‌ക്കണമെന്നും കോടതി വിധിച്ചു. എന്നാല്‍ 2015 ല്‍ പ്രതികളുടെ അപ്പീല്‍ അനുവദിച്ച കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നാലു പേരെയും കുറ്റവിമുക്‌തരാക്കി. ഇതിനെതിരെ കര്‍ണാടക സര്‍ക്കാരും ഡിഎംകെ നേതാവ് കെ.അന്‍പഴകനും നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.